കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് റെഡ് അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Tuesday, October 15, 2024 3:35 PM IST
തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ ബുധനാഴ്ച രാത്രി 11.30 വരെ 1.0 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയും, കൊല്ലത്ത് ഇരവിപുരം മുതൽ ആലപ്പാട് വരെയും കന്യാകുമാരിയിൽ കൊളച്ചിൽ മുതൽ കുറുമ്പനൈ വരെയും പ്രത്യേക ജാഗ്രത ആവശ്യമാണ്.
തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ ശനിയാഴ്ച വരെയും കർണാടക തീരങ്ങളിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.