സിപിഐയ്ക്ക് സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ട: പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങളില്‍ ബിനോയ് വിശ്വം
Saturday, October 5, 2024 8:38 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സിപിഐയ്ക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്.
എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പ്രതികരണത്തിലാണ് അദ്ദേഹം അതൃപതി പ്രകടിപ്പിച്ചത്. എന്നാല്‍ ജനയുഗത്തില്‍ ലേഖനം എഴുതിയതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നു എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
അതേസമയം, അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണം.
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിയുടെ വിശദീകരണം തള്ളിയാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന. രണ്ട് ആര്‍എസ്എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്.