ഒന്നിച്ച് നിന്നാല്‍ ശത്രുവിനെ തോല്‍പ്പിക്കാനാകും: വെള്ളിയാഴ്ച നമസ്കാരത്തിൽ ഖമനേയി
Friday, October 4, 2024 3:36 PM IST
ടെഹ്റാൻ: ഒന്നിച്ചുനിന്നാല്‍ മുസ്ലിംകള്ക്ക് ശത്രുവിനെ തോല്‍പ്പിക്കാനാകുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. മുസ്ലിം രാജ്യങ്ങള്‍ ശത്രുവിന്റെ ശക്തി തിരിച്ചറിയണമെന്നും ഖമനേയി പറഞ്ഞു.
ടെഹ്റാനിലെ മോസ്കില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ സംസാരിക്കുകയായിരുന്നു ഖമനേയി. ഇറാന്റെ മിസൈല്‍ ആക്രമണം ശത്രുവിനുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ്. സ്വയം പ്രതിരോധത്തിനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. അത് ഉപയോഗിക്കുക മാത്രമാണ് ഇറാന് ചെയ്തത്.
ഇറാന്റെയും പലസ്തീന്റെയും ലബനന്റെയുമെല്ലാം ശത്രു ഒന്നാണ്. ഇസ്ലാമിക രാജ്യങ്ങള്‍ ശത്രുവിന്റെ ലക്ഷ്യം തിരിച്ചറിയണമെന്നും ഖമനേയി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഖമനേയിയുടെ പരാമർശം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഖമനേയി വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നൽകുന്നത്.
2020 ജനുവരിയിലാണു ഖമനേയി അവസാനമായി വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം കൊടുത്തത്. ഇറാന്റെ അർധസൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇത്.