ഭർത്താവിനോടുള്ള ദേഷ്യത്തിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
Friday, October 4, 2024 3:31 AM IST
ലക്നോ: ഭർത്താവിനോട് വഴക്കിട്ടതിന് പിന്നാലെ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോണ്ടയിലെ പർസാപൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള അഭയ്പൂർ ഗ്രാമത്തിലാണ് സംഭവം. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ ഭർത്താവ് മാതാ ഫെർ ജോലിയുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താമസിക്കുന്നത്. ഭാര്യ ജഗ്മതി ബന്ധുക്കൾക്കൊപ്പം ഗ്രാമത്തിലാണ് താമസിക്കുന്നത്. ഭർത്താവുമായി മൊബൈൽ ഫോണിൽ വഴക്കിട്ട യുവതി, കുഞ്ഞിനെ സെപ്റ്റിക് ടാങ്കിലേക്ക് എറിയുകയായിരുന്നു.
പിറ്റേന്ന് രാവിലെ, മകളെ കാണാനില്ലെന്ന് ജഗ്മതി വീട്ടുകാരെ അറിയിച്ചു. കുട്ടിയെ വന്യമൃഗം കൊണ്ടുപോയതായിരിക്കാമെന്നും ഇവർ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പോലീസും വനംവകുപ്പും പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്നാണ് കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ജഗ്മതി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവിൽ ജഗ്മതി റിമാൻഡിലാണ്.