നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി; ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം
Wednesday, October 2, 2024 7:07 PM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ നല്കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മറ്റിയെന്ന് പ്രതിപക്ഷം. ഇത് ചട്ട വിരുദ്ധമാണെന്ന് ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്കി.
നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്കിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉൾപ്പെടെയുള്ള ചോദ്യങ്ങളിൽ നിന്നാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയത്.
ഈ ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ ആക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ചോദ്യങ്ങൾ പൊതുപ്രാധാന്യം പരിഗണിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ ചോദ്യം നേരിട്ട് ഉന്നയിക്കാനും മറുപടി മന്ത്രിയിൽ നിന്ന് നേരിട്ട് ലഭിക്കാനുമാണ് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നമിടുന്നത്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയേണ്ടതില്ല. പകരം രേഖാമൂലം മറുപടി നൽകിയാൽ മതിയാകും.