റോഡുകളുടെ ശോച്യാവസ്ഥ; സര്‍ക്കാരിനെതിരെ ഹൈക്കോടതി
Tuesday, October 1, 2024 4:38 PM IST
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിലും പാതയോരത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പൊതുമരാമത്ത് വകുപ്പിൽ നിരവധി എൻജിനിയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ തകർന്നെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കുന്നംകുളം റോഡിന്റെ അവസ്ഥയെന്താണ്. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്നും എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്റെ പേരിലും ഓവർ സ്പീഡിനും ഫൈൻ അടിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.
റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ല. റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഇന്ത്യയിലെക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേയെന്ന് കോടതി വിമര്‍ശിച്ചു.
കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. കൊച്ചി കോര്പ്പറേഷൻ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.