പീഡനക്കേസ്: സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും
Tuesday, October 1, 2024 8:21 AM IST
കൊച്ചി: പീഡനക്കേസില്‍ നടന് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. തിരുവനന്തപുരത്തോ കൊച്ചിയിലോ ഹാജരാകാനാണ് സാധ്യത. കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്.
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലോ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലോ ഹാജരാകാനാണ് കൂടുതല്‍ സാധ്യത. സാധാരണ അന്വേഷണസംഘം നോട്ടീസ് നല്കി വിളിപ്പിക്കുമെങ്കിലും സിദ്ദിഖ് അതിന് കാത്തിരിക്കില്ലെന്നാണ് വിവരം.
പീഡനക്കേസില്‍ കഴിഞ്ഞദിവസം സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
പരാതി നല്കാന് കാലതാമസമുണ്ടായെന്ന വാദം കോടതി കണക്കിലെടുത്തിരുന്നു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഖിയാണ് സിദ്ദിഖിനുവേണ്ടി ഹാജരായത്.