അജിത് കുമാറിന് മേലെ ഒരു പരുന്തും പറക്കില്ല: പി.വി.അൻവർ
Monday, September 30, 2024 7:51 PM IST
കോഴിക്കോട്: മാമി തിരോധാനക്കേസിൽ ഒരു ചുക്കും നടക്കില്ലെന്ന് പി.വി.അൻവർ എംഎൽഎ. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് എക്സൈസിലേക്ക് മാറ്റിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും കത്ത് കൊടുത്തിട്ട് ഒന്നും ഉണ്ടായില്ല.
നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മീതെ ഒന്നും പറക്കില്ല എന്നപോലെ എഡിഡജിപി അജിത് കുമാറിനു മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പോലീസിലെ ക്രിമിനൽവത്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കും. ഈ നാട്ടിൽ നന്നായി ജീവിക്കാൻ കഴിയും എന്ന് നമ്മൾ വിചാരിക്കേണ്ട.
എംഡിഎംഎ കേസിൽ നൂറിലേറെ ചെറുപ്പക്കാരെയാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. പോലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്. ഇവരാണ് സാധനം കൊണ്ടുവരുന്നത്. ഇവരാണ് ഏജന്റുമാരെ ഏൽപ്പിക്കുന്നത്. പണം മുടക്കുന്നതും ലാഭം എടുക്കുന്നതും ഇവരാണ്.
കേസ് വേണം എന്നതുകൊണ്ട് നിരപരാധികളായ ചെറുപ്പക്കാരെ സുജിത് ദാസ് കുടുക്കുകയാണ്. പൊതുജനങ്ങളുടെ മുമ്പിലും സർക്കാരിന് മുമ്പിലും ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചവൻ, ഏറ്റവും കൂടുതൽ സ്വർണം പിടിച്ചവൻ എന്ന പേരിനാണ് സുജിത് ദാസ് ശ്രമിക്കുന്നത്.
രാഷ്ട്രപതിയുടെ അവാർഡ് അല്ല യുണൈറ്റഡ് നേഷൻസിന്റെ അവാർഡ് സുജിത് ദാസിനു കൊടുക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും അൻവർ പറഞ്ഞു. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കൈയിലാണെന്ന് മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് പറയാത്തത്? ചോദ്യമുണ്ടാകും.
വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്, സദുദ്ദേശമാണോ, ദുരുദ്ദേശമാണോ? കരിപ്പൂരിൽ ഇറങ്ങി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മറ്റുജില്ലകളിലേക്കുമടക്കം പോകുന്ന സ്വർണം മലപ്പുറത്താണ് പിടിക്കുന്നത്. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്ന് നോക്കണം.
ആ ജില്ലാക്കാരനാണ് പ്രതി എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാൽ അദ്ദേഹം ഒരു സമുദായത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നതെന്ന് അൻവർ വ്യക്തമാക്കി.