കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
Monday, September 30, 2024 12:23 PM IST
തിരുവനന്തപുരം: കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎമ്മിനൊപ്പം നിന്നാൽ സംരക്ഷിക്കും. സിപിഎമ്മിൽനിന്നു പുറത്തുപോയാൽ ഉടൻ നടപടിയെടുക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് എന്ത് കാട്ടുനീതിയാണ്. സ്വർണക്കടത്തിനു നേതൃത്വം നൽകുന്നവർക്കും സർക്കാർ സംരക്ഷണം നൽകുയാണ്. ഷുഹൈബ് കൊലക്കേസിലെ പ്രതിയുൾപ്പെടെയുള്ളവർ ഗുരുതര കുറ്റങ്ങൾ ചെയ്യുന്നു. അവർക്കെല്ലാം സംരക്ഷണം നൽകുന്നു.
ഇത് എന്ത് നീതി ന്യായവ്യവസ്ഥയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു. നിങ്ങൾ പറയുന്നതാണോ നീതി. നിങ്ങൾ പറയുന്നതാണോ കുറ്റമെന്നും സതീശൻ ചോദിച്ചു.
ഭരണകക്ഷിയുടെ ഭാഗമായിരുന്നു ഒരാൾ, മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളാണ് നിലന്പൂരിൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. അൻവർ പറഞ്ഞത് മുൻപ് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ്.
സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് ശക്തമായ സമരമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.