അടൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Monday, September 30, 2024 6:47 AM IST
പത്തനംതിട്ട : അടൂരിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ് പിടിയിൽ ആയത്. കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ ജോയിയെ പോലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
ജോയിക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. വാഹനപരിശോധന നടത്തിവരവേ കെ.പി റോഡിലൂടെ യുവാക്കൾ ബൈക്കിൽ കഞ്ചാവുമായി വരുന്നുവെന്ന രഹസ്യവിവരം പൊലീസിന് കിട്ടി.
ഇതിന് പിന്നാലെ പൊലീസിന്റെ മുന്നിൽപ്പെട്ട യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബൈക്ക് മറിയുകയും ഓടിച്ച രഞ്ജിത്ത് എന്ന ആൾ കടന്നുകളയുകയായിരുന്നു. ബൈക്കിനു പിന്നിൽ യാത്രചെയ്തിരുന്ന ജോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി.
ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂർ സ്വദേശി രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി. ജോയിയുടെ കയ്യിലുണ്ടായിരുന്ന കവറിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു മൊബൈൽ ഫോണും പണവും കണ്ടെടുത്തു. ബൈക്കിന്റെ സമീപത്ത് നിന്നു രഞ്ജിത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തി. രഞ്ജിത്തിനെ ഇനിയും പിടികൂടാനായിട്ടില്ല.