പോർവിളിച്ച് അൻവർ; മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം
Sunday, September 29, 2024 8:18 PM IST
മലപ്പുറം: എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രൂക്ഷവിമർശനം. കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. നോക്കിയാൽ എന്തൊരു സമാധാനമാണ്. പോലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്.
വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടിൽ കൊലപാതകങ്ങൾ നടക്കുന്നു. പോലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്.
സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ മൂന്നു വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പോലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പോലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐജിയോട് പറഞ്ഞു. ഒരാളെയും വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?
അൻവർ ഫോൺ ചോർത്തിയതിനു കേസെടുത്ത് നടക്കുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്.
പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി.ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് അന്വേഷണമില്ലെന്നും അൻവർ പറഞ്ഞു.
വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഒമ്പതു പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. 2021ൽ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറി അവനാണ് കാരണക്കാരാനെന്ന് പറഞ്ഞു.