അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി; സ്വാഗതം പറഞ്ഞത് സിപിഎം മുൻ ലോക്കൽ സെക്രട്ടറി
Sunday, September 29, 2024 7:19 PM IST
മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയേയും വെല്ലുവിളിച്ച് പി.വി.അൻവർ എംഎൽഎ നടത്തുന്ന രാഷ്ട്രീയവിശദീകരണ യോഗം തുടങ്ങി. നിലമ്പൂരിൽ ചന്തക്കുന്നിലെ ബസ്സ്റ്റാൻഡിനടുത്തെ യോഗ സ്ഥലത്തേക്ക് പ്രകടനവുമായാണ് അൻവർ എത്തിയത്. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എ.സുകു യോഗത്തിൽ സ്വാഗതം പറഞ്ഞു.
യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ നാലു കിലോമീറ്റർ ദൂരം റോഡ് പോലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു.
സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അമ്പതു പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്.
കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകന് പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേര് എന്താണ് എന്നതാണ് ആദ്യത്തെ നോട്ടം.
എന്റെ പേര് അൻവർ എന്നത് ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ചയെന്നും അൻവർ കൂട്ടിച്ചേർത്തു. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.
ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്നും അൻവർ പറഞ്ഞു.