ന്യൂസിലൻഡിനെ തകർത്തു; പരമ്പര തൂത്തുവാരി ലങ്ക
Sunday, September 29, 2024 6:40 PM IST
ഗാലെ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ശ്രീലങ്ക. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിനെ ഇന്നിംഗ്സിനും 154 റണ്‍സിനും തകര്‍ത്താണ് ലങ്ക ചരിത്ര വിജയം സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക 602/5, ന്യൂസിലന്‍ഡ് 88, 360.
ഒന്നാം ഇന്നിംഗ്സിൽ അഞ്ചിന് 602 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ലങ്ക കിവീസിനെ 88 റണ്‍സിന് പുറത്താക്കി. 514 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ഫോളോ ഓൺ ചെയ്ത കിവീസിനെ 360 റണ്‍സിന് പുറത്താക്കിയാണ് ലങ്ക ഇന്നിംഗ്സ് ജയവും പരമ്പരയും സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ കിവീസിനായി ഡെവോണ്‍ കോണ്‍വെ (61), കെയ്ന്‍ വില്യംസണ് (46), ടോം ബ്ലണ്‍ഡെല്‍ (60), ഗ്ലെന്‍ ഫിലിപ്പ്സ് (78), മിച്ചെല്‍ സാന്റനര്‍ (67) എന്നിവർ പൊരുതിയെങ്കിലും ലങ്കൻ പടയോട്ടത്തെ പിടിച്ചു കെട്ടാൻ അതു പോരായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റുമായി കിവീസിനെ ചുരുട്ടിക്കെട്ടിയത് പ്രഭാത് ജയസൂര്യയായിരുന്നെങ്കില് രണ്ടാം ഇന്നിംഗ്സില്‍ ആ ദൗത്യം ഏറ്റെടുത്തത് ഓഫ് സ്പിന്നറായ നിഷാൻ പെറിസാണ്. 170 റണ്‍സ് വഴങ്ങി പെറിസ് ആറ് വിക്കറ്റെടുത്തപ്പോള്‍ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റെടുത്തു.
പരമ്പരയിലെ ആദ്യ മത്സരത്തിലും കിവീകൾക്കെതിരെ മികച്ച വിജയം ലങ്ക സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി കുറിച്ച കാമിന്ദു മെന്‍ഡിസാണ് കളിയിലെ താരം. പരമ്പരയില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത പ്രഭാത് ജയസൂര്യ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തു.