"നീ ഞങ്ങള്‍ക്ക് ആരൊക്കെയോ ആയിരുന്നു...'; വീട്ടിലേക്കുള്ള വഴിയിൽ അര്ജുൻ; കണ്ണീരോടെ ആയിരങ്ങള്‍
Saturday, September 28, 2024 8:42 AM IST
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ സ്വന്തദേശമായ കണ്ണാടിക്കലില്‍ എത്തി. കണ്ണാടിക്കയലിലുള്ള ചെറുവഴിയിലൂടെ വീട്ടിലേക്കുള്ള യാത്രയിലാണ്. മന്ത്രിമാരും എംഎല്‍എമാരും പൗരപ്രമുഖരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
വീട്ടില്‍ അല്പസമയം മാത്രം പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് പകല്‍ 11ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും. നേരത്തെ, തലപ്പാടി ചെക്ക്പോസ്റ്റിലും കാസര്‍ഗോഡും നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ മൃതശരീരം ഒരുനോക്ക് കാണാന്‍ കാത്തുനിന്നത്.
ആംബുലന്‍സ് സഞ്ചരിച്ച ഇടങ്ങളിലും കണ്ണാടിക്കല്‍ ഗ്രാമത്തിലും ആയിരങ്ങളാണ് നോവുന്ന ഹൃദയവുമായി അദ്ദേഹത്തെ കാത്തുനിന്നത്. കണ്ണീരും മുദ്രാവാക്യവും ഇടകലര്‍ന്ന അന്തരീക്ഷം കേരളം ആ മനുഷ്യനെ എങ്ങനെയെക്കൊ കണ്ടിരുന്നു, സ്നേഹിച്ചിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നു...
വെളുപ്പിനെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹനവ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടത്. ആറോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ. ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങുന്നത്. ലോറി ഓണേര്‍സ് അസോസിയേഷന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു വിലാപയാത്ര. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. കേരള, കര്‍ണാടക പോലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന് അര്ജുന് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ചെറുപ്രായത്തിലെ പല ജോലികള്‍ ചെയ്ത് കൂലിപ്പണിക്കാരനായ അച്ഛന്, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന് എന്നിവരെയെല്ലാം പോറ്റി... പ്ലസ്ടു വിന് ശേഷം ഒരു തുണിഷോപ്പില്‍ ജോലി നോക്കി. ഇടയ്ക്കിടെ പെയിന്റിംഗ് അടക്കമുള്ള മറ്റ് ജോലികള്‍ ചെയ്തു. പൊതുരംഗത്തും സജീവമായിരുന്നു.
അവരുടെ എല്ലാം പ്രിയപ്പെട്ട അര്ജുന് കേരളത്തിന്റെ പ്രിയപ്പെട്ടവനായി മാറി കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും സ്നേഹവും ദുഃഖം കലര്‍ന്ന് ആ യാത്രയെ അനുഗമിക്കുന്നു...