ആദ്യദിനം ആകാശും മഴയും കൊണ്ടുപോയി; കാൺപുരിൽ ബംഗ്ലാദേശിന് മൂന്നുവിക്കറ്റ് നഷ്ടം
Friday, September 27, 2024 3:30 PM IST
കാണ്‍പുര്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുന്നു. കനത്ത മഴയെത്തുടർന്ന് ആദ്യദിനം കളിനിർത്തുമ്പോൾ സന്ദർശകർ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ്. 40 റൺസുമായി മോമിനുൾ ഹഖും ആറു റൺസുമായി മുഷ്ഫിഖുർ റഹീമുമാണ് ക്രീസിൽ.
ഓപ്പണർമാരായ സാക്കിര്‍ ഹുസൈന് (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ്ദീപ് രണ്ടുവിക്കറ്റും രവിചന്ദ്ര അശ്വിൻ ഒരുവിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 26 റൺസെടുത്തപ്പോൾ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കാനാകും മുമ്പേ സാക്കിർ ഹുസൈനെ ആകാശ്ദീപ് യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഷദ്മാന്‍ ഇസ്ലാം ആകാശ്ദീപിന്റെ അടുത്ത ഓവറിൽ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് ക്രീസിൽ ഒന്നിച്ച മോമിനുൾ ഹഖും നജ്മുള്‍ ഹുസൈൻ ഷാന്റോയും ചേർന്ന് സ്കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഉച്ചഭക്ഷണത്തിനു ശേഷം ഷാന്റോയെ വിക്കറ്റിനു മുന്നിൽ കുടുക്കി അശ്വിൻ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
തുടർന്ന് മോമിനുൾ ഹഖിനൊപ്പം മുഷ്ഫിഖുർ റഹിമും ചേർന്ന് 27 റൺസ് കൂട്ടിച്ചേർക്കവേയാണ് മഴ വീണ്ടും കളിമുടക്കിയത്. ഇതോടെ ഇന്നത്തെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ ഔട്ട്ഫീൽഡിലെ നനവ് മൂലം കളി തുടങ്ങാൻ വൈകിയിരുന്നു.