അൻവറിനെതിരേ കച്ചമുറുക്കി സിപിഎം
Friday, September 27, 2024 1:26 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി കടന്നാക്രമിച്ചു വാർത്തസമ്മേളനം നടത്തിയ ഇടത് എംഎൽഎ പി.വി.അൻവറിനെതിരേ പ്രതികരിക്കാൻ സിപിഎം നേതൃതലത്തിൽ തീരുമാനമായി. പാർട്ടിയുടെ തണലിൽ നിന്നു വിജയിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ശേഷം പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായി വെല്ലുവിളിക്കുന്ന അൻവറിനെ നിലയ്ക്കുനിർത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരിക്കുകയാണ്.
പരസ്യ പ്രതികരണം പാടില്ലെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിർദേശിച്ചിട്ടും അതിനെ വെല്ലുവിളിച്ചുള്ള പരാമർശങ്ങളാണ് അൻവർ നടത്തിയത്. വിഷയത്തിൽ എം.വി.ഗോവിന്ദൻ ഇന്ന് രാവിലെ ഡൽഹിയിൽ കേരളാ ഹൗസിൽ വച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ അൻവറിനെ തള്ളിപ്പറയുകയും ചെയ്തു.
എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ, സിപിഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. യുവജന സംഘടനയും അൻവറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
അൻവറിന് നൽകിയിരുന്ന എല്ലാ പരിഗണനയും അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കുമെന്ന് ഇടതുമുന്നണി കൺവീനർ പറഞ്ഞിരുന്നു. ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പറഞ്ഞു.
പാർട്ടി സമ്മേളനങ്ങളിലെ ചർച്ച മുഖ്യ മന്ത്രിക്കെതിരേ ആക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. വിഷപ്പാമ്പു പോലും പാല് കൊടുത്ത കൈയ്ക്ക് കടിക്കില്ലെന്നും അൻവർ അങ്ങനെയാണ് ചെയ്തതെന്നും ബാലൻ പറഞ്ഞു.