പി.വി.അന്‍വറിന് പിന്നില്‍ താനാണെന്ന പ്രചാരണം വ്യാജം: പി.ജയരാജന്
Friday, September 27, 2024 1:21 PM IST
കണ്ണൂര്‍: പി.വി.അന്‍വറിന് പിന്നില്‍ താനാണെന്ന പ്രചാരണം വ്യാജമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്. ഗള്‍ഫില്‍വച്ച് അന്‍വറെ കണ്ട സംസ്ഥാന സമിതി അംഗം താനല്ലെന്ന് ജയരാജന് പ്രതികരിച്ചു.
അന്‍വര്‍ ഉന്നയിച്ചതില്‍ പ്രഥമദൃഷ്ട്യാ കഴമ്പുള്ള ആരോപണങ്ങളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള മര്യാദ അന്‍വര്‍ കാണിക്കുന്നില്ല.
വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാത്തതുകൊണ്ടാണ് സൈബര്‍ ഇടത്ത് അന്‍വറിന് പാര്‍ട്ടി അണികളില്‍നിന്ന് പിന്തുണ ലഭിക്കുന്നത്. പാര്‍ട്ടി നിലപാട് പറഞ്ഞാല്‍ അണികള്‍ക്ക് പിന്തുണ പിന്‍വലിക്കും.
അന്‍വറിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി പാര്‍ട്ടിക്കും സര്‍ക്കാരിനും നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് അകത്തും ജനങ്ങളിലും ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അൻവർ നടത്തുന്നതെന്നും ജയരാജൻ വിമർശിച്ചു.