ഇ.പി വധശ്രമക്കേസിൽ സർക്കാരിന് തിരിച്ചടി; സുധാകരനെതിരായ ഹർജി സുപ്രീംകോടതി തള്ളി
Friday, September 27, 2024 12:59 PM IST
ന്യൂഡല്‍ഹി: ഇ.പി. ജയരാജന് വധശ്രമക്കേസില്‍ സംസ്ഥാന സർക്കാരിനു തിരിച്ചടി. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയലക്ഷ്യത്തോടുള്ള ഹര്‍ജിയെന്ന് വിലയിരുത്തിയാണ് ജസ്റ്റീസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തളളിയത്.
30 വര്‍ഷം മുന്‍പ് നടന്ന സംഭവമാണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങള്‍ക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി, ഉന്നത രാഷ്ട്രീയ നേതാവ് ആണെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് എസ്. നാഗമുത്തുവും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി.
ഇതിനു മറുപടിയായി ആരാണ് കേരളം ഭരിക്കുന്നതെന്ന് ചോദിച്ച ജസ്റ്റീസ് വിക്രംനാഥ്, നിങ്ങള്‍ കോണ്‍ഗ്രസാണോ സിപിഎം ആണോ എന്നും സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനോട് ചോദിച്ചു.