അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കും: ടി.പി. രാമകൃഷ്ണൻ
Friday, September 27, 2024 11:23 AM IST
കോഴിക്കോട്: പി.വി.അൻവർ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. അൻവറിനെതിരായ നടപടി ഗൗരവകരമായി ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടതുമുന്നണിയുടെ ഭാഗമായ എംഎൽഎ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ല. മുന്നണിയുടെയും സർക്കാരിന്റെയും തലവനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ കടന്നാക്രമിക്കുന്നതിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണുള്ളത്.
പിണറായിയെ നേരത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. മുമ്പും മുഖ്യമന്ത്രിയുടെ ശോഭ കെടുത്തിയിട്ടുണ്ടല്ലോ. അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ തിളക്കത്തോടെ മുഖ്യമന്ത്രി വന്നിട്ടുണ്ട്.
പാർട്ടിക്കുവേണ്ടി പറയാൻ എന്ത് പ്രാതിനിധ്യമാണ് അൻവറിനുള്ളത്. അൻവറിന്റെ അഭിപ്രായം സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അഭിപ്രായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അൻവർ ആരോപണം ഉന്നയിച്ചപ്പോൾ സുജിത് ദാസിനെതിരെ നടപടി എടുത്തല്ലോ. പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആരും അംഗീകരിക്കില്ല. അൻവറിനെ ജനം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.