ഡിഎൻഎ പരിശോധനാ ഫലം വൈകിയേക്കും; അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നത് വൈകും
Friday, September 27, 2024 7:42 AM IST
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ ഗംഗാവാലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ മലയാളി ഡ്രൈവർ അർജുന്റെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹം കൈമാറാനാണ് ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.
പരിശോധനാഫലം വന്നാലുടൻ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹം കോഴിക്കോട്ട് എത്തിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പോലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട്ട് എത്തിക്കുക.
അർജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്കാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ കാർവാറിലെ കിംസ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഗംഗാവാലി പുഴയിൽനിന്ന് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ കാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്താനായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തിരച്ചിൽ നടത്തിയത്.