എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണം; സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി രാജന്
Thursday, September 26, 2024 2:49 PM IST
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്.അജിത്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്ന സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.രാജന്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്പിലോ എൽഡിഎഫിലോ സിപിഐ പറഞ്ഞ കാര്യങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല. നിലപാട് പിൻവലിക്കാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ മാറ്റം വന്നിട്ടില്ലെന്ന് മനസിലാക്കാം. നിലവിലെ അഭിപ്രായവുമായി പാർട്ടി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
പൂരപ്പറന്പിലേക്ക് സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചെന്ന വിവാദത്തിലും മന്ത്രി മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രിമാർ പോലും സ്വകാര്യ വാഹനത്തിലും കാൽനടയായുമാണ് പൂരം നടന്ന സ്ഥലത്തേക്ക് പോയത്.
ആ സമയത്ത് ആംബുലൻസിൽ ആർക്കെല്ലാം സഞ്ചരിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന്റെ നിയമാവലിയുണ്ട്. മാനദണ്ഡം കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.