രാഷ്ട്രപതി ഇന്ന് സിയാചിനിൽ; ബേസ് ക്യാമ്പ് സന്ദർശിക്കും
Thursday, September 26, 2024 10:27 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ ലഡാക്കിലെ സിയാചിനിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദർശനം നടത്തും. സിയാചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന രാഷ്ട്രപതി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
നുബ്രയിലെ തോയിസ് എയർഫോഴ്സ് സ്റ്റേഷനിൽ എത്തുന്ന ദ്രൗപതി മുർമുവിനെ ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്), ജിഒസി-ഇൻ-സി നോർത്തേൺ കമാൻഡ്, ജിഒസി 14 കോർപ്സ് എന്നിവയുൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം സ്വീകരിക്കും. തുടർന്ന് ഹെലികോപ്റ്റർ വഴി സിയാചിൻ ബേസ് ക്യാമ്പിലേക്ക് പോകും.
ബേസ് ക്യാമ്പിൽ ഉദ്യോഗസ്ഥരുമായും സൈനികരുമായും ആശയവിനിമയം നടത്തിയ ശേഷം സിയാചിൻ യുദ്ധസ്മാരകത്തിൽ ആചാരപരമായ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് നടക്കും. അവിടെ രാഷ്ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിക്കും.
പ്രസിദ്ധമായ സിയാചിൻ ഹട്ടും രാഷ്ട്രപതി സന്ദർശിക്കും. പിന്നീട് സന്ദർശനം അവസാനിപ്പിച്ച് ഉച്ചയോടെ രാഷ്ട്രപതി ന്യൂഡൽഹിയിലേക്ക് മടങ്ങും.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാചിൻ സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റാണ് മുർമു.
മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൾ കലാം (2004), രാംനാഥ് കോവിന്ദ് (2018) എന്നിവരും സിയാചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട്.