അര്‍ജുനെ കണ്ടെത്തിയതില്‍ കർണാടകയോട് കേരള സർക്കാർ നന്ദി പറയണം: എം.കെ. രാഘവന് എംപി
Wednesday, September 25, 2024 10:07 PM IST
കോഴിക്കോട്: ഷിരൂരിൽനിന്ന് അര്‍ജുനെ കണ്ടെത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ നന്ദി പറയണമെന്ന് എം.കെ. രാഘവന് എംപി. തെരച്ചിലിനായുള്ളചെലവ് മുഴുവൻ വഹിച്ചത് കർണാടക സർക്കാരണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ കാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്.