കർണാടക സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഷിരൂർ ദൗത്യം വിജയത്തിലെത്തിച്ചത്: കെ.സി. വേണുഗോപാൽ
Wednesday, September 25, 2024 9:45 PM IST
മലപ്പുറം: രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നാണ് അർജുന് വേണ്ടി കർണാടക സർക്കാർ നടത്തിയതെന്ന് കെ.സി. വേണുഗോപാൽ എംപി. കർണാടക സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് വിജയത്തിലെത്തിച്ചത്. 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഷിരൂരില്‍ കാണാതായ കർണാടക സ്വദേശികൾക്കായി തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ലോകേഷ്, ജനഗന്നാഥന് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്നും അറിയിച്ചു.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്.