ഡിഎൻഎ പരിശോധനയില്ല; മൃതദേഹം അർജുന്റെ ബന്ധുക്കൾക്ക് വിട്ടുനൽകും
Wednesday, September 25, 2024 5:54 PM IST
ബംഗളൂരു: ഗംഗാവാലി പുഴയിൽനിന്ന് ലഭിച്ച അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ടു നൽകും. കാർവാർ ജില്ലാ ഭരണകൂടത്തിന്റേ്താണ് തീരുമാനം.
മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന് മറ്റൊരു ലോറി ഡ്രൈവർ സ്ഥിരീകരിച്ചിരുന്നു. ഈ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ വിട്ട് നൽകുന്നത്.
ലോറിയുടെ കാബിനിൽനിന്ന് കണ്ടെത്തിയ മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്.