അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചു; വിങ്ങിപ്പൊട്ടി ലോറി ഉടമ മനാഫ്
Wednesday, September 25, 2024 4:51 PM IST
ബംഗളൂരു: അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചു എന്ന് ലോറി ഉടമ മനാഫ്. പല പ്രതിസന്ധികൾ അതിജീവിച്ചാണ് അർജുനെ കണ്ടെത്തിയതെന്നും മനാഫ് പറഞ്ഞു.
തോൽക്കാൻ എന്തായാലും മനസില്ല. അവനെയും കൊണ്ടേ പോകൂ. ആ വാക്ക് അമ്മയ്ക്ക് പാലിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോറിക്ക് അധികം പരിക്കുണ്ടാകില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കാബിന് അധികം പരിക്കുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ഛിന്നിച്ചിതറില്ല എന്ന് നേരത്തെ പറഞ്ഞതാണെന്നും മനാഫ് പറഞ്ഞു.
ഗംഗാവാലി പുഴയിൽനിന്ന് ഇന്ന് വൈകിട്ട് മൂന്നിനാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുണ്ടായിരുന്നത്.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്. തുടർന്ന് കരയിൽ മണ്ണിനടിയിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്ന നിഗമനത്തിൽ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ഗംഗാവാലി പുഴയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതും പുഴയിലെ ഒഴുക്ക് വർധിച്ചതും തെരച്ചിലിന് തിരിച്ചടി ആയിരുന്നു. പിന്നീട് ഒഴുക്ക് കുറഞ്ഞതോടെ ഡ്രെഡ്ജർ എത്തിച്ച് വീണ്ടും തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവമാണ് ഗോവയിൽനിന്ന് ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് അർജുന്റെ ലോറിയുടെ ഭാഗങ്ങളും തടി കഷണങ്ങളും കയറും ലഭിച്ചിരുന്നു.