ഗംഗാവലിപ്പുഴയിൽനിന്ന് അർജുന്റെ ട്രക്ക് കണ്ടെത്തി; കാബിനിനുള്ളിൽ മൃതദേഹം
Wednesday, September 25, 2024 3:06 PM IST
ബംഗളൂരു: ഷിരൂരിൽ തെരച്ചിലിനിടെ ഗംഗാവലിപ്പുഴയിൽനിന്ന് അർജുന്റെ ട്രക്ക് കണ്ടെത്തി. കാബിനിനുള്ളിൽ മൃതദേഹമുണ്ടെന്നാണ് വിവരം.
അർജുന്റെ വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ട്രക്കിന്റെ കാബിനിന്റെ ഭാഗമാണ് ലഭിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. കാർവാര് എംഎൽഎ സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്രഡ്ജറിലുണ്ട്.
അർജുനെ കാണാതായി 71 ദിവസം കഴിഞ്ഞാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടമായാണ് പിന്നീട് തെരച്ചിൽ നടത്തിയത്. തുടർന്ന് കരയിൽ മണ്ണിനടിയിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്ന നിഗമനത്തിൽ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ഗംഗാവലിപ്പുഴയിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതും പുഴയിലെ ഒഴുക്ക് വർധിച്ചതും തെരച്ചിലിന് തിരിച്ചടി ആയിരുന്നു. പിന്നീട് ഒഴുക്ക് കുറഞ്ഞതോടെ ഡ്രെഡ്ജർ എത്തിച്ച് വീണ്ടും തെരച്ചിൽ ആരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവമാണ് ഗോവയിൽനിന്ന് ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് അർജുന്റെ ലോറിയുടെ ഭാഗങ്ങളും തടിക്കഷണങ്ങളും കയറും ലഭിച്ചിരുന്നു.
ഇതിനിടെ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത മൂലം പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ നിർത്തി മടങ്ങിയിരുന്നു. തുടർന്ന് ഗുജറാത്തിൽനിന്നുള്ള മുങ്ങൽവിദഗ്ധരാണ് തെരച്ചിൽ തുടർന്നത്.