പൂരം കലക്കൽ: തുടരന്വേഷണത്തിന് നിയമോപദേശം തേടും
Wednesday, September 25, 2024 2:44 PM IST
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് വിശദ അനേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും. എഡിജിപിയുടെ റിപ്പോർട്ടിനോട് വിയോജിച്ചുകൊണ്ടാണ് സംസ്ഥാന പോലീസ് മേധാവി കുറിപ്പോടെ മുഖ്യമന്ത്രിക്കു കത്തു നൽകിയത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകിയതിലും ഡിജിപി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പൂരം നടത്തിപ്പിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്തിയത് ആശയ കുഴപ്പങ്ങൾക്കു കാരണമായെന്നുമാണ് ഡിജിപിയുടെ നിഗമനം. ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽ ഉണ്ടായിട്ടുപോലും കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിയാത്തതു വീഴ്ചയാണെന്നാണ് ഡിജിപിയുടെ നിലപാട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
എഡിജിപി തയാറാക്കിയ റിപ്പോർട്ട് അപൂർണമാണെന്നും പൂരം കലക്കിയതുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള ഡിജിപിയുടെ ശിപാർശ അടങ്ങിയ റിപ്പോർട്ടാണ് തൃശൂരിൽ നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രിക്കു കഴിഞ്ഞ ദിവസം കൈമാറിയത്.
അതേസമയം പൂരവുമായി ബന്ധപ്പെട്ട് ഒരു ദേവസ്വത്തിന്റെ ഭാഗത്തു നിന്നു സംശയകരമായ പല പ്രവർത്തികളും ഉണ്ടായെന്നാണ് എഡിജിപിയുടെ നിഗമനം. പൂരം വിഷയത്തിൽ കോൺഗ്രസും സിപിഐയും സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും ഒളിഞ്ഞും തെളിഞ്ഞും രൂക്ഷ വിമർശനങ്ങളാണ് ഉയർത്തുന്നത്.
എഡിജിപിയുടെ റിപ്പോർട്ടിന്മേൽ എന്തു നടപടി സ്വീകരിക്കണമെന്ന തീരുമാനം ഇന്നുണ്ടാകാനാണ് സാധ്യത. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സർക്കാർ തുടർ നടപടി സ്വീകരിക്കാൻ സാധ്യത ഉള്ളത്.
ജുഡീഷ്യൽ അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ പ്രഖ്യാപിക്കുമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സർക്കാർ തീരുമാനിക്കുക. അതേസമയം വിശദമായ അനേഷണം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റേയും ഇടതു മുന്നണി ഘടകകക്ഷിയായ സിപിഐയുടെയും നിലപാട്.