ലൈംഗിക പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍, ജാമ്യത്തില്‍ വിട്ടയയ്ക്കും
Wednesday, September 25, 2024 1:45 PM IST
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന് ഇടവേള ബാബു അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും. ജാമ്യക്കാര്‍ എത്തിയിട്ടുണ്ട്.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.രാവിലെ 10ന് ആണ് ഇടവേള ബാബു കൊച്ചില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്ന് ഹാജരായത്. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ഇയാളെ ചോദ്യം ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷമാകും ജാമ്യത്തില്‍ വിട്ടയക്കുക. കേസില്‍ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിരുന്നു.