പൂരം കലക്കലിൽ തുടരന്വേഷണം? മന്ത്രിസഭായോഗത്തിൽ സൂചന നൽകി മുഖ്യമന്ത്രി
Wednesday, September 25, 2024 1:06 PM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ കേസിൽ തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം കലക്കൽ റിപ്പോർട്ട് ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചയായിരുന്നു.
എഡിജിപി എം.ആർ. അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവിയുടെ ശിപാർശയോടെ തനിക്കു ലഭിച്ചതായി മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. നടപടിക്രമം അനുസരിച്ച് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം തുടർനടപടി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ടിൽ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങൾ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക.
തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നും സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നുമാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം1,600ലധികം പേജുള്ള റിപ്പോർട്ടാണ് എം.ആർ. അജിത്കുമാർ സമർപ്പിച്ചിരിക്കുന്നത്.