കാസർഗോഡ് സമരപ്പന്തലില്‍ ക്വാറി ഉടമ വിഷം കഴിച്ചു; നില ഗുരുതരം
Wednesday, September 25, 2024 12:57 PM IST
കാസര്‍ഗോഡ്: സമരപ്പന്തലില്‍ ചെങ്കല്‍ ക്വാറി ഉടമ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണനാണ് (59) ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇന്നു പുലര്‍ച്ചെയാണ് ഗോപാലകൃഷ്ണന് വിഷം കഴിച്ച വിവരം ഒപ്പമുണ്ടായിരുന്നവര്‍ അറിഞ്ഞത്. ഉടന്‍തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാലകൃഷ്ണന്റെ നില ഗുരുതരമാണ്.
പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ന്യായമായ പിഴ ചുമത്തി ഉടന്‍ വിട്ടുനല്‍കുക, ഉദ്യോഗസ്ഥരുടെ അമിതമായ കടന്നുകയറ്റം അവസാനിപ്പിക്കുക, അശാസ്ത്രീയമായി ചുമത്തിയ പിഴ അദാലത്ത് നടത്തി പരിഹരിക്കുക, പട്ടയ ഭൂമിക്ക് പെര്‍മിറ്റ് അനുവദിക്കുക, വാഹനത്തില്‍ കയറ്റിയ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് വിദ്യാനഗറില്‍ റിലേ നിരാഹാരസമരം ആരംഭിച്ചത്.
ഗോപാലകൃഷ്ണന് ഉള്‍പ്പെടുന്ന നീലേശ്വരം ഏരിയാ കമ്മിറ്റിയാണ് ചൊവ്വാഴ്ച നിരാഹാരമിരുന്നത്. സമരം അഞ്ചുദിവസം പിന്നിട്ടിട്ടും ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ ഗോപാലകൃഷ്ണന് നിരാശനായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.