സിദ്ദിഖ് എവിടെ? പരക്കംപാഞ്ഞ് പോലീസ്, കേരളത്തിന് പുറത്തേക്കും അന്വേഷണം
Wednesday, September 25, 2024 10:16 AM IST
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ ഒളിവിൽപോയ നടൻ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊർജിതമാക്കി പോലീസ്. തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയിൽ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്.
സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ടു വീടുകളിലും, പോകാൻ സാധ്യതയുള്ള ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലുമായി ഒരു പകലും രാത്രിയും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം ഫോൺ സ്വിച്ച്ഓഫ് ചെയ്തിരുന്നു.
സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും.
അതേസമയം, അതേസമയം ഹൈക്കോടതി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയേക്കും. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറി. സുപ്രീംകോടതി വിധി വന്നശേഷം കീഴടങ്ങുന്നതിൽ തീരുമാനമെടുക്കാനും സാധ്യതയുണ്ട്.
ഇതിനിടെ, സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് തടസഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി.