ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹർജി സുപ്രിംകോടതി തള്ളി
Tuesday, September 24, 2024 3:49 PM IST
ന്യൂഡൽഹി: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
സംഭവം നടന്ന് അഞ്ചുവര്‍ഷം കഴിഞ്ഞെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഫയല്‍ ചെയ്തു. അതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസ് അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് വി. ഗിരിയും എം.ആര്. രമേശ് ബാബുവും ചൂണ്ടിക്കാട്ടി. കേസിലെ ചില പ്രതികള്‍ക്ക് സിപിഎമ്മുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് കേരളാ പോലീസ് അന്വേഷണം നടത്തിയില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.
ഇതോടെ, കേസിന്റെ വിചാരണാ വേളയില്‍ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ. ശശി എന്നിവർ ഹാജരായി.
2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ ക്വട്ടേഷൻ സംഘം ബോംബെറിഞ്ഞ ശേഷം 41 തവണ വെട്ടി കൊലപ്പെടുത്തിയത്.