അജിത് കുമാറിന്റെ റിപ്പോർട്ട് അംഗീകരിക്കില്ല; വിശ്വാസികള്‍ക്കൊപ്പം യുഡിഎഫ് ഉണ്ട്: കെ. മുരളീധരൻ
Tuesday, September 24, 2024 12:17 PM IST
തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട അജിത് കുമാറിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. ഇക്കാര്യത്തില്‍ ദേവസ്വങ്ങള്‍ക്കെതിരെ കേസെടുത്താണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിശക്തമായ സമരം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും മുരളീധരൻ വ്യക്തമാക്കി.
ആചാരങ്ങള്‍ അനുസരിച്ച് പൂരം നടത്താനാണ് ദേവസ്വങ്ങള്‍ ശ്രമിച്ചത്. ആചാരങ്ങള്‍ അവസാനിച്ചപ്പോള്‍ ഞങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിക്കുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
ആചാരലംഘനം നടത്താന്‍ ദേവസ്വത്തെ പ്രേരിപ്പിച്ചത് പോലീസ് ആണ്. ആ ഉദ്യോഗസ്ഥരെ വെള്ളപൂശാന്‍ ദേവസ്വങ്ങളെ പ്രതിയാക്കിയാല്‍ അത് വിശ്വാസികള്‍ ക്ഷമിക്കില്ല. വിശ്വാസികള്‍ക്കൊപ്പം കേരളത്തിലെ യുഡിഎഫ് ഉണ്ടാവും.
പൂരത്തിനിടെ കുഴപ്പം ഉണ്ടാക്കാന്‍ നേതൃത്വം കൊടുത്തയാള്‍ തന്നെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. സിപിഐ മുഖപത്രം ജനയുഗം പോലും അതിനെതിരെ രംഗത്തെത്തി. ഭരണകക്ഷികള്‍ക്ക് പോലും റിപ്പോര്‍ട്ടില്‍ എതിര്‍പ്പുണ്ടെന്നാണ് മനസിലാവുന്നതെന്നും മുരളീധരന് പറഞ്ഞു.