ആശ ലോറൻസിന്റെ അഭിപ്രായം കാര്യമാക്കേണ്ട; കോടതി തീരുമാനം എടുത്തിട്ടുണ്ടെന്ന് ടി.പി. രാമകൃഷ്ണൻ
Tuesday, September 24, 2024 11:54 AM IST
തിരുവനന്തപുരം: എം.എം ലോറന്‍സ് കിടപ്പിലായിരുന്നപ്പോള്‍ തന്നെ ശരീരം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്ന് അറിയിച്ചിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കുടുംബ പ്രശ്നത്തിന് അപ്പുറം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മകള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞു. അത് കാര്യമാക്കേണ്ടതില്ല. കോടതി തീരുമാനം എടുത്തിട്ടുണ്ടെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്കിയ ഹര്‍ജി തിഹ്കളാഴ്ച കോടതി തീർപ്പാക്കിയിരുന്നു. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി.
തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജിന് പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ ആശയുടെ ഹർജിയില്‍ പറയുന്നത്.
അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എം.എം.ലോറൻസിന്റെ മകൻ എം.എൽ. സജീവൻ പറഞ്ഞു.