ഐഎസ്എൽ: ആവേശപ്പോരില്‍ മോഹന്‍ ബഗാന് ജയം
Monday, September 23, 2024 11:22 PM IST
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയവുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബഗാൻ സീസണിലെ ആദ്യ ജയം നേടിയത്.
മത്സരത്തിൽ രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേയാണ് മോഹൻ ബഗാന് വിജയഗോൾ നേടിയത്. ദീപേന്ദു ബിശ്വാസ്, സുഭാശിഷ് ബോസ്, ജേസണ്‍ കമ്മിംഗ്സ് എന്നിവർ ബഗാനായി എതിർ ടീം വലകുലുക്കി.
മുഹമ്മദ് അലി ബെമാമ്മെറും അലാഡിന്‍ അജറൈയുമായിരുന്നു നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റാണ് മുന്നിലെത്തിയത്. മുഹമ്മദ് അലി ബെമാമർ വകയായിരുന്ന ഗോൾ.
എന്നാൽ മിനിറ്റുകൾക്കകം മോഹൻ ബഗാൻ തിരിച്ചടിച്ചു. ദീപേന്ദു ബിശ്വാസാണ് സമനില ഗോൾ നേടിയത്. 24-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് വീണ്ടും മുന്നിലെത്തി. അലാഡിൻ അജറൈയാണ് വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ 2-1ന് നോർത്ത് ഈസ്റ്റ് ലീഡ് ചെയ്തു.
61-ാം മിനിറ്റിൽ മോഹൻ ബഗാൻ വീണ്ടും സമനില പിടിച്ചു. ഇത്തവണ സുഭാശിഷ് ബോസാണ് പന്ത് വലയിലാക്കിയത്. തുടർന്ന് തലങ്ങും വിലങ്ങും ആക്രമിച്ചു കളിച്ച ബഗാൻ 87-ാം മിനിറ്റിൽ ലക്ഷ്യത്തിലെത്തി. ജേസൺ കമ്മിംഗ്സിലൂടെയാണ് ബഗാൻ വിജയഗോൾ നേടിയത്.