ഏകദിന പരന്പര: മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
Monday, September 23, 2024 4:19 AM IST
ഷാർജ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 170 റൺസ് എന്ന വിജയലക്ഷ്യം പതിനേഴ് ഓവറുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 69 റൺസെടുത്ത് പുറത്താകാതെ നിന്ന എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ.
ട്രിസ്റ്റൺ സ്റ്റബ്സ് 26 റൺസ് നേടി. ടോണി ഡെ സോർസി 26 റൺസും നാസകൻ ബാവുമ 22 റൺസും റീസ ഹെൻഡ്രിക്സ് 18 റൺസും നേടി. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെയും അല്ല ഗസൻഫറിന്റെയും മികവിലാണ് 169 റൺസെടുത്തത്.
ഗുർബാസ് 89 ഉം ഗസൻഫർ 31 ഉം റൺസ് നേടി. അഫ്ഗാൻ നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻഗിഡിയും എൻകാബ പീറ്ററും ഫെലുക്വായോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബിജോൺ ഫോർടുയ്ൻ ഒരു വിക്കറ്റും എടുത്തു.
മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച അഫ്ഗാനിസ്ഥാൻ പരന്പര സ്വന്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസാണ് മൂന്നാം മത്സരത്തിലേയും പരന്പരയിലേയും താരം.