പീഡനം ചെറുത്ത ബാലികയെ കൊന്നു; പ്രധാനാധ്യാപകൻ അറസ്റ്റിൽ
Monday, September 23, 2024 3:03 AM IST
വഡോദര: പീഡനം ചെറുത്ത ആറുവയസുകാരിയെ സ്കൂളിലെ പ്രധാനാധ്യാപകൻ കഴുത്തുഞെരിച്ച് കൊന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.
സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ചയാണ് സ്കൂൾ മുറ്റത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ദിവസവും പ്രധാനാധ്യപകനൊപ്പമാണ് കുട്ടിയെ അമ്മ സ്കൂളിൽ അയ്ക്കുന്നത്. ബുധാനാഴ്ച കുട്ടിയുമായി കാറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ പ്രധാനാധ്യാപകൻ കുട്ടിയെ പീഡിപ്പിക്കാൻ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
കുട്ടി ഇത് തടഞ്ഞതോടെ ഇയാൾ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കാറിൽ സൂക്ഷിച്ചു. തുടർന്ന് പതിവുപോലെ ഇയാൾ ജോലിയിൽ പ്രവേശിച്ചു. സ്കൂൾ സമയം കഴിഞ്ഞ് എല്ലാവരും മടങ്ങിയ ശേഷം പ്രധാനാധ്യാപകൻ തന്റെ കാറിനുള്ളിൽ സൂക്ഷിച്ച മൃതദേഹം സ്കൂൾ മുറ്റത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രധാനാധ്യാപകന്റെ സംസാരത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് രാജ്ദീപ് സിംഗ് സാല പറഞ്ഞു.