ചുവപ്പണിഞ്ഞ് ലങ്ക; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു നേതാവ് അനുരാ കുമാര ദിസനായകെയ്ക്ക് ജയം
Sunday, September 22, 2024 7:35 PM IST
കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടിയായ ജനതാ വിമുക്തി പെരമുന നേതാവ് അനുരാ കുമാര ദിസനായകെ വിജയിച്ചു. ശ്രീലങ്കയുടെ ഒൻപതാമത് പ്രസിഡന്റ് ആയാണ് അദ്ദേഹം അധികാരമേൽക്കുക.
ആദ്യഘട്ടം എണ്ണിയ വോട്ടുകളുടെ 42 ശതമാനം അനുരാ കുമാര ദിസനായകെയ്ക്ക് അനുകൂലമായിരുന്നു. തുടർന്ന് ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനം വോട്ട് നേടാൻ സാധിക്കാതിരുന്നതിനാൽ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
രണ്ടാം ഘട്ട വോട്ടെണ്ണലിലാണ് അദ്ദേഹം വിജയിച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.
ആദ്യ റൗണ്ടിൽ 50 ശതമാനത്തിലേറെ വോട്ടുകൾ നേടിയാൽ മാത്രമാണ് വിജയി ആയി പ്രഖ്യാപിക്കുക. ഒരു സ്ഥാനാർഥിക്കും 50 ശതമാനം കിട്ടിയില്ല എങ്കിൽ രണ്ടാം ഘട്ട വോട്ടുകൾ എണ്ണും എന്നതാണ് ശ്രീലങ്കൻ തെരഞ്ഞെടുപ്പ് നിയമം.
ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 2019നെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് എട്ടു ശതമാനം കുറഞ്ഞു. ശ്രീലങ്കയിൽ 1.70 ലക്ഷം വോട്ടർമാരാണുള്ളത്.