കുലംകുത്തിയായ അൻവറിന് സിപിഎം വധശിക്ഷ വിധിച്ചു: ചെറിയാന് ഫിലിപ്
Sunday, September 22, 2024 3:50 PM IST
തിരുവനന്തപുരം: കുലംകുത്തിയായ പി.വി.അൻവറിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാന് ഫിലിപ്. പാർട്ടി ആരാച്ചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സിപിഎം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് അൻവറിനു നല്ലത്.
കോൺഗ്രസോ ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ല. ആഫ്രിക്കയിലെ പുതിയ സംരംഭം പുഷ്ടിപ്പെടുത്താം. താൻ ഉയർത്തിയ പ്രശ്നങ്ങളിൽ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തുന്നുവെങ്കിൽ പൊതു സമൂഹത്തിലും നിയമസഭയിലും അൻവറിന് പോരാട്ടം തുടരാം.
സിപിഎം നിയമസഭാ കക്ഷിയിൽ അൻവറിനെ അംഗമാക്കിയിട്ടുണ്ടെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച അൻവറിനെ നിയമസഭയിൽ നിന്നും കാലാവധി കഴിയുന്നതു വരെ ആർക്കും പുറത്താക്കാനാവില്ലെന്നും ചെറിയാന് ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.