കടുവകളെ കറക്കി വീഴ്ത്തി; ഇന്ത്യയ്ക്ക് കൂറ്റൻ ജയം
Sunday, September 22, 2024 11:51 AM IST
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റണ്‍സിന്റെ തകർപ്പൻ വിജയം. സ്കോര്‍: ഇന്ത്യ 276, 287-4, ബംഗ്ലാദേശ് 149, 234. ഇന്ത്യ മുന്നോട്ടുവച്ച 515 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 234 റണ്‍സിന് എല്ലാവരും പുറത്തായി.
82 റണ്‍സെടുത്ത ക്യാപ്റ്റൻ നജ്മുള്‍ ഹുസൈന് ഷാന്റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചറിയുമായി ഇന്ത്യയുടെ രക്ഷകനായ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ 21 ഓവറിൽ 88 റൺസ് വഴങ്ങി ആറു വിക്കറ്റും വീഴ്ത്തി വിജയശിൽപിയായി. രവീന്ദ്ര ജഡേജ 15.1 ഓവറിൽ 58 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
ശേഷിക്കുന്ന വിക്കറ്റ് ജസ്പ്രീത് ബുംറ സ്വന്തമാക്കി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സെഞ്ചറിയും ആറു വിക്കറ്റും സ്വന്തമാക്കിയ അശ്വിനാണ് കളിയിലെ താരം. നാലിന് 158 എന്ന സ്കോറിൽ നിന്നാണ് ബംഗ്ലാ കടുവകൾ നാലാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ചത്.
ചെപ്പോക്കിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതായി കണ്ടതോടെ ക്യാപ്റ്റൻ രോഹിത് ശർമ സ്പിന്നർമാരെ പന്ത് ഏൽപ്പിച്ചു. ഇതോടെ നിലയുറപ്പിക്കും മുന്‍പെ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മാർ കൂടാരം കയറി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ തുടങ്ങും.