അജിത് കുമാറിന് ധനകാര്യ മന്ത്രിയുടെ ചുമതല നൽകണം: പി.വി.അൻവർ
Saturday, September 21, 2024 6:01 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞതിനു പിന്നാലെ പരിഹാസവുമായി പി.വി.അൻവർ എംഎൽഎ രംഗത്ത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം അജിത് കുമാർ സാറിന് ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി നൽകണമെന്ന് അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അന്വേഷണത്തിന് ശേഷം മാത്രമേ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി അൻവർ രംഗത്ത് എത്തിയത്. ശ്രീ അജിത്ത് കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്.
35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അൻവറിന്റെ പരിഹാസം.
പി.വി. അൻവറിന്റെ കുറിപ്പ്
35 ലക്ഷത്തിന് ഒരു ഫ്ലാറ്റ് വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത് മറിച്ച് വിൽക്കുക.!! ഇത്തരം ഫിനാൻഷ്യൽ മാനേജ്മെന്റ് സ്ട്രാറ്റജി സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത് കുമാർ സാറിന് കൊടുക്കണം. ശ്രീ.അജിത്ത് കുമാർ സാർ സിന്ദാബാദ്..