പൊതുപ്രവർത്തകൻ ചെയ്യാൻ പാടില്ലാത്തത്; അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല: തുറന്നടിച്ച് മുഖ്യമന്ത്രി
Saturday, September 21, 2024 1:06 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎയെ പൂർണമായി തളളി മുഖ്യമന്ത്രി പിണറായി വിജയൻ.
ഫോൺ ചോർത്തിയത് പൊതുപ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. അയാൾ കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ താനും തുടരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പി.വി. അൻവർ ചെയ്യേണ്ടിയിരുന്നത്. ആദ്യ ദിവസം വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ മൂന്നു ദിവസം അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയാറായില്ല. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെ കണ്ട ശേഷമാണ് തന്നെ വന്നുകണ്ടത്. അഞ്ചുമിനിറ്റ് മാത്രമേ സംസാരിച്ചുളളു എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പി. ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശിക്കെതിരായ ആരോപണം അവജ്ഞയോടെ തള്ളുന്നു. അൻവർ കൊടുക്കുന്ന പരാതി അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയപ്രകാരമല്ലാത്ത എന്തെങ്കിലും കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്തിട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.