ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ, കാമറയിറക്കി പരിശോധന; അർജുന്റെ സഹോദരിയും സ്ഥലത്ത്
Saturday, September 21, 2024 10:02 AM IST
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. കാർവാറിൽ നിന്ന് വെള്ളിയാഴ്ച എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തിരച്ചിൽ.
ഗംഗാവലി പുഴയിൽ ഇന്ന് അണ്ടർവാട്ടർ കാമറയിറക്കി പരിശോധന നടത്തും. നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയിന്റുകളിലാണ് പ്രധാനമായും തിരച്ചിൽ നടത്തുക. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന.
ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സ്ഥലത്തെത്തിയിട്ടുണ്ട്. പുഴയിലെ സാഹചര്യം തിരച്ചിലിന് അനുകൂലമെന്ന് മാൽപെ പറഞ്ഞു.
അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. പരിശോധനാ സ്ഥലത്തേക്ക് അർജുന്റെ സഹോദരിയും എത്തിയിട്ടണ്ട്. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുന്റെ കുടുംബം പ്രതികരിച്ചു.
വെള്ളിയാഴ്ച രാവിലെ 11ന് ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ തുടരാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്തിയത് വൈകുന്നേരമാണ്. തുടർന്ന് 20 മിനിറ്റോളം നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താനായില്ല.