ടിടിഇ ചമഞ്ഞ് ട്രെയിനിൽ പരിശോധന; യുവതി അറസ്റ്റിൽ
Saturday, September 14, 2024 11:04 AM IST
കോട്ടയം: ടിടിഇ ചമഞ്ഞ് ട്രെയിനിൽ പരിശോധന നടത്തിയ യുവതി അറസ്റ്റിൽ. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്ത് (42) ആണ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ കൊല്ലത്തെത്തിയപ്പോഴാണ് ഇവര്‍ ടിടിഇയുടെ വേഷത്തില്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐഡി കാര്‍ഡും ധരിച്ചിരുന്നു.
യഥാര്‍ഥ ടിടിഇ സംശയം തോന്നി ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ട്രെയിൻ കോട്ടയത്തെത്തിയപ്പോള്‍ റെയില്‍വേ പോലീസാണ് ഇവരെ പിടികൂടിയത്.
ഹോം നഴ്സായി ജോലി ചെയ്യുകയാണെന്നും യാത്രാസൗകര്യത്തിനായാണ് ടിടിഇ വേഷം കെട്ടിയതെന്നുമാണ് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.