പുഴുക്കുത്തുകൾ എല്ലായിടത്തും;പോലീസ് സത്യം കണ്ടെത്തട്ടെയെന്ന് കാരായി രാജൻ
Friday, September 13, 2024 4:23 AM IST
തലശേരി: പ്രതികരിക്കാനില്ലെന്നും പോലീസ് അന്വേഷിച്ച് സത്യം കണ്ടെത്തട്ടെയെന്നു സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ ദീപികയോടു പറഞ്ഞു. ആശ്രമം കത്തിച്ച സംഭവത്തിൽ പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കാരായി രാജൻ, ഐ.പി. ബിനു തുടങ്ങിയ നേതാക്കളെ കുടുക്കാൻ എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ ശ്രമിച്ചിരുന്നുവെന്നായിരുന്നു അൻവർ ആരോപിച്ചത്.
വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്. ആ സമയത്ത് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയല്ല. പോലീസ് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും കാരായി രാജൻ നിലപാട് വ്യക്തമാക്കി.
ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെ ഫേസ്ബുക്കിൽ കാരായി രാജൻ പോസ്റ്റിട്ടു. ""ഞങ്ങൾക്ക് ആഭ്യന്തര വകുപ്പിൽ ഉറച്ച വിശ്വാസമുണ്ട്. അതു സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽകൂടിയാണ്.
എന്നാൽ, ചില പുഴുക്കുത്തുകൾ എവിടെയുമുണ്ടാകും. അത് സമൂഹത്തിലും ബാധകമാണ്. ഭരണകൂട സംവിധാനത്തിന്റെ ഇടങ്ങളിൽ പ്രത്യേകിച്ചും. ഉപ്പു തിന്നവർ വെള്ളം കുടിക്കുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്യുമെന്നത് ഈ നേതൃത്വത്തിലുള്ള എന്റെയും വിശ്വാസമാണ്. തീർച്ചയാണ്, അനിവാര്യമാണ്. അതിനുള്ള ശേഷിയും നയിക്കുന്നവർക്കുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.