ബൈക്കിൽ ഒറ്റയ്ക്ക് ലഡാക്കിലേക്ക് തിരിച്ച യുവാവ് ഓക്സിജൻ കുറവുമൂലം മരിച്ചു
Wednesday, September 4, 2024 4:08 PM IST
ന്യൂഡൽഹി: ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് ഓക്സിജൻ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശർമയാണ് മരിച്ചത്. യുപിയിലെ മുസാഫർനഗർ സ്വദേശിയായ ചിന്മയ് ശർമ കഴിഞ്ഞമാസം 21നാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പർവത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര തിരിച്ചത്.
തലവേദന അനുഭവപ്പെടുന്നുവെന്ന് യുവാവ് തിങ്കളാഴ്ച അച്ഛനോട് പറഞ്ഞിരുന്നു. അന്നേ ദിവസം വൈകുന്നേരത്തോടെ തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവാവ് വീട്ടുകാരെ അറിയിച്ചു.
ഇതോടെ മകനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലേയിൽ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് അച്ഛൻ വിളിച്ചു. ഉടനെ അധികൃതർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.