രക്ഷാപ്രവർത്തനത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിംഗ്; കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റർ അപകടത്തിൽപെട്ടു
Tuesday, September 3, 2024 12:28 PM IST
ഗാന്ധിനഗർ: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററിൽ നിന്ന് മൂന്നുപേരെ കാണാതായി. തിങ്കളാഴ്ച രാത്രിയില്‍ കപ്പലിലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് അടിയന്തരമായി കടലിലിറക്കിയത്.
ഹരി ലീല എന്ന കപ്പലില്‍ വച്ച് പരിക്കേറ്റ ജീവനക്കാരനെ കരയിലെത്തിക്കാന്‍ പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
പോര്‍ബന്തറില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ കടലില്‍ കണ്ടെത്തിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ഹരി ലീല എന്ന മോട്ടോര്‍ ടാങ്കറിലെ ജീവനക്കാരന് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ രാത്രി 11 മണിയോടെയാണ് കോസ്റ്റ് ഗാര്‍ഡ് അഡ്വാന്‍ഡ്സ് ലൈറ്റ് ഹെലികോപ്റ്റര്‍ അയച്ചത്.
കാണാതായവര്‍ക്കുള്ള തിരച്ചിലിനായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും നിയോഗിച്ചതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.