തള്ളിയതു പോലെ ഒന്നും നടന്നില്ല; അജിത് കുമാറിന്റെ കസേരക്ക് ഇളക്കമില്ല
Monday, September 2, 2024 9:29 PM IST
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ മാറ്റുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
പ്രഖ്യാപനം വലിയ കൈയടികളോടെയാണ് സ്വീകരിച്ചെങ്കിലും അന്വേഷണം സംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ല. എഡിജിപിയെ സ്ഥാനത്തു നിന്ന് മാറ്റി നിർത്തി അന്വേഷണം വേണമെന്ന് സേനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും തീരുമാനം അനന്തമായി നീളുകയാണ്.
ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ രാത്രി വൈകിയും തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. അജിത്ത് കുമാറിനെ മാറ്റാതെ സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്ന നിലപാടാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ മാറ്റുന്നതിലും എതിര്‍പ്പുയരുന്നുണ്ട്.
ആരോപണ വിധേയനായ പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരായ അച്ചടക്ക നടപടിയും ഇതുവരെ ഇറങ്ങിയിട്ടില്ല. പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതരമായ ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണം നടത്തുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
എഡിജിക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പരസ്യമായി അന്വേഷണം പ്രഖ്യാപിച്ചിട്ടും നിര്‍ണായക തീരുമാനം വൈകുകയാണ്. അജിത് കുമാറിനെ മാറ്റിയാൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കാൻ എഡിജിപിയെ സംരക്ഷിക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇരുവരെയും ഒരുമിച്ചു മാറ്റിയാൽ പ്രതിപക്ഷം തങ്ങളുടെ വലിയ വിജയമായി ആഘോഷിക്കും ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും കിണഞ്ഞ് പരിശ്രമിക്കുന്നത്. ഉച്ചയോടെ കോട്ടയത്തു നിന്ന് തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് പുതിയ എഡിജിപിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
ഭരണപക്ഷത്തെ എംഎൽഎ തന്നെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും അതിൽ അന്വേഷണം നടത്താൻ കഴിയാതെ വന്നാൽ സർക്കാരിന് അതും കനത്ത തിരിച്ചടിയാകും. അതിനാൽ ആരെ തള്ളണമെന്നും ആരെ കൊള്ളണമെന്നും തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും കൂട്ടരും.
അതേസമയം എഡിജിപി അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി അൻവർ രംഗത്ത് എത്തിയിരിക്കുകയാണ്. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തൽ ഓഡിയോയും പി.വി.അന്‍വര്‍ എംഎൽഎ പുറത്തുവിട്ടു.
എംഎൽഎ ഉന്നയിച്ച കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും അതിലും തീരുമാനമായില്ല.