എഡിജിപിക്കെതിരായ ആരോപണം; ഡിജിപി മുഖ്യമന്ത്രിയെ കണ്ടു
Monday, September 2, 2024 9:31 AM IST
കോട്ടയം: ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തുന്നു. എഡിജിപി എം.ആര്.അജിത് കുമാര്‍ അടക്കമുള്ളവര്വര്ക്കെതിരേ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും എഡിജിപി എം.ആര്.അജിത് കുമാറും ഡിജിപിയും ഇന്ന് കോട്ടയത്തെത്തിയത്. പരിപാടിയിൽ മുഖ്യമന്ത്രിയും എഡിജിപിയും ഒരേ വേദി പങ്കിടാനിരിക്കെയാണ് ഇതിന് മുന്നോടിയായി ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്.
അതേസമയം എഡിജിപിയെ മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ ഒരു അന്വേഷണത്തിന് താത്പര്യമുണ്ടെന്ന് എഡിജിപി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയാണ് ഭരണകക്ഷി എംഎല്‍എ പി.വി. അന്‍വര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്. അജിത് കുമാറിനും എതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങൾ അഴിച്ചുവിട്ടത്.
ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്പിച്ച പി. ശശി പരാജയമാണ്. മുഖ്യമന്ത്രിയെ വിശ്വസ്തര്‍ കുഴിയില്‍ ചാടിക്കുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്പിച്ചത്. അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
എഡിജിപി അജിത് കുമാറിനെതിരേ അതിരൂക്ഷ വിമര്‍ശനവും അഴിമതിയാരോപണവും ഉന്നയിച്ച പി.വി. അന്‍വര്‍, എന്തുകൊണ്ടാണ് സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ മനസിലാകാത്തതെന്നു ചോദിച്ചു. പ്രതികരിക്കാന്‍ വേറെ വഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എഡിജിപി എം.ആര്. അജിത് കുമാറിനെതിരേയും മലപ്പുറം മുന്‍ എസ്പിയും നിലവില്‍ പത്തനംതിട്ട എസ്പിയുമായ എസ്. സുജിത് ദാസിനെതിരേയും അതീവഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എം.ആര്. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും അൻവർ പറഞ്ഞു.